നാടെങ്ങും പ്ലാവും മാവും പൂച്ചെടികളും നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനം ആചരിച്ചപ്പോള്‍ പാതയോരത്ത് കഞ്ചാവ് ചെടികള്‍ നട്ട് 3 യുവാക്കള്‍ വ്യത്യസ്തരായി. പിടികൂടി ‘അവാര്‍ഡ്’ നല്കാന് എക്സൈസ് സംഘം.
കൊല്ലം: നാടെങ്ങും പ്ലാവും മാവും പൂച്ചെടികളും നട്ടുപിടിപ്പിച്ച് പരിസ്ഥിതിദിനം ആചരിച്ചപ്പോള്‍ പാതയോരത്ത് കഞ്ചാവ് ചെടികള്‍ നട്ടാണ് മൂന്ന് യുവാക്കള്‍ ദിനാചരണം വ്യത്യസ്തമാക്കിയത്. കൈയോടെ പിടികൂടി ‘അവാര്‍ഡ്’ നല്കാന് പിന്നാലെയുണ്ട് എക്സൈസ് സംഘം.
കഴിഞ്ഞ ദിവസം മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കില്‍ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയുടെ ഓരത്താണ് കഞ്ചാവ് ചെടികള്‍ നട്ട് ഫോട്ടോ ഷൂട്ട് നടത്തിയത്. അപരിചതരായ യുവാക്കളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ സമീപവാസി എക്സൈസില്‍ വിവരമറിയിച്ചു. എക്സൈസ് കൊല്ലം സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
60 സെന്റിമീറ്ററും 30 സെന്റിമീറ്ററും വളര്‍ച്ചയുള്ള രണ്ട് ചെടികളാണ് കണ്ടെടുത്തത്.
മങ്ങാട് ബൈപ്പാസ് പാലത്തിനടിയിലും കഞ്ചാവ് ചെടി നട്ടതായി വിവരം ലഭിച്ചെങ്കിലും പരിശോധനയില്‍ ഇവ നശിപ്പിച്ച നിലയിലായിരുന്നു. നേരത്തെ കഞ്ചാവ് കേസില്‍ പിടിയിലായ കണ്ടച്ചിറ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ചെടികള്‍ നട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്ന് അസി. എക്സൈസ് കമ്മിഷണര്‍ ബി. സുരേഷ് അറിയിച്ചു.
പരിശോധനയില്‍ എക്സൈസ് പ്രീവന്റീവ് ഓഫീസര്‍ എം. മനോജ് ലാല്‍, നിര്‍മ്മലന്‍ തമ്ബി, ബിനുലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഗോപകുമാര്‍, ശ്രീനാഥ്, അനില്‍കുമാര്‍, ജൂലിയന്‍ ക്രൂസ്, ഡ്രൈവര്‍ നിതിന്‍ എന്നിവരും പങ്കെടുത്തു.