ന്യൂ ദൽഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി.
ഇതോടൊപ്പം ക്ഷേത്രം തന്ത്രി ഉൾപ്പടെയുള്ളവര്‍ക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹര്‍ജികളിലും ഇന്ന് ഭരണഘടന ബെഞ്ച് വിധി പറയും. ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ശബരിമല യുവതി പ്രവേശന കേസിൽ 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്.
ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതായിരുന്നു ആ വിധി. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികളാണ് എത്തിയത്. ഫെബ്രുവരി ആറിന് ഹര്‍ജികളിൽ മൂന്നര മണിക്കൂര്‍ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചു.
ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ചീഫ് ജസ്റ്റിസായി എത്തിയ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് ഹര്‍ജികളിൽ വാദം കേട്ടത്. വിശ്വാസത്തിന്റെ മൗലിക അവകാശം സംരക്ഷിക്കണം എന്നതായിരുന്നു ഏതാണ്ട് എല്ലാ പുനഃപരിശോധന ഹര്‍ജികളിലെയും ആവശ്യം. പൊതുസ്ഥലത്തെ തുല്യത അവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുത്താകണം ഭരണഘടനാ അവകാശങ്ങൾ ഉന്നയിക്കേണ്ടതെന്നും വാദങ്ങൾ ഉയര്‍ന്നു.