ന്യൂ ദൽഹി : സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമെന്ന് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ വിധിയോട് വിയോജിച്ചു. ദില്ലി ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീം കോടതിയുടെ തന്നെ ഭരണവിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍ടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി.