വിമര്‍ശിച്ചയാളെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്നാടിനെ നടുക്കിയകൊലപാതകം ഉഡുപ്പി കുന്താപുരത്ത്
മംഗളൂരു:വിമര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ബിജെപി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. കുന്ദാപ്പുര യദമോഗെ പഞ്ചായത്ത് പ്രസിഡന്റ് പ്രാണേഷ് യദിയാലാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് പ്രണേഷ് സാമൂഹ്യ പ്രവര്‍ത്തകനായ ഉദയ് ഗണികയെ (45) വീടിന് മുന്നില്‍ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. റോഡില്‍ നില്‍ക്കുകയായിരുന്ന ഉദയിനെ അതി വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് പ്രാണേഷ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ശങ്കരനാരയണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രണേഷ് മറ്റൊരു പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തി. അര്‍ധരാത്രിയോടെ ഇയാളെ അറസ്റ്റ് ചെയ്തു.
പഞ്ചായത്തിന്റെ പിടിപ്പുകേടുകള്‍ ഉദയ് നിരന്തരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തുറന്നുകാട്ടിയിരുന്നത് പ്രണേഷിനെ പ്രകോപിതനാക്കി. ഉദയ് കുഴല്‍കിണല്‍ കുഴിക്കാനായി എന്‍ഒസിക്ക് അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് നിരസിച്ചു. ഒടുവില്‍ നിയമപരമായ നടപടികളിലൂടെ ഉദയ് എന്‍ഒസി സ്വന്തമാക്കിയത് പ്രണേഷിനെ കൂടുതല്‍ പ്രകോപിതനാക്കി.
ഏറ്റവും ഒടുവിലായി പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതും കര്‍ശന ലോക്ഡൗണിലേക്ക് തള്ളിവിട്ടതും ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ഉദയ് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. ഇതോടെയാണ് ഉദയിനെ കൊലപ്പെടുത്തണമെന്ന പദ്ധതിയിട്ടത്.