‘മലയാളത്തില്‍ സംസാരിക്കാം’; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍
ന്യൂഡല്‍ഹി: നഴ്സിങ് ഓഫീസര്‍മാര്‍ മലയാളത്തില്‍ സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹി ജി.ബി. പന്ത് ആശുപത്രി അധികൃതര്‍.
നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രാജ്ഘട്ട് ജവാഹര്‍ലാല്‍ നെഹ്റു മാര്‍ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ തമ്മില്‍ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലുമാണ്. ഇതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഴ്സിങ് സൂപ്രണ്ടിന്റെ സര്‍ക്കുലര്‍.
ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്റാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്