കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കസ്റ്റഡിയില്‍ വിടും. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
കൂടുതൽ ചോദ്യം ചെയ്യലിനായി അലന് ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഈ വിവരങ്ങൾ കൂടി ഉൾപെടുത്തിയാവും ചോദ്യം ചെയ്യൽ.
അതേസമയം പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം പന്നിയങ്കര ലോക്കല്‍ ജനറല്‍ ബോഡിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടെയും സിപിഐ മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.