മഞ്ചേശ്വരത്ത് പണം നൽകി പത്രിക പിൻവലിപ്പിച്ച കെ സുരേന്ദ്രനെതിരെ ജില്ലാ പോലീസ് ചീഫിന് ഇടത് സ്ഥാനാർത്ഥി വി.വി രമേശൻ പരാതിനൽകി
മഞ്ചേശ്വരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ പരാതിയുമായി മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദരയ്ക്ക് പണവും ആനുകൂല്യങ്ങളും ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രൻ നൽകി എന്ന വെളിപ്പെടുത്തലിലിനെ തുടർന്നാണ് രമേശന്റെ പരാതി. സുന്ദരയുടെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ സുരേന്ദ്രൻ ചെയ്തത് ക്രിമിനൽ കുറ്രമാണെന്ന് സിപിഎം നേതാവായ വി.വി രമേശൻ നൽകിയ പരാതിയിൽ പറയുന്നു.പണം നൽകി പത്രിക പിൻവലിപ്പിച്ചതിന് ഐപിസി 171(ബി) പ്രകാരം സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് രമേശൻ പരാതിയിൽ പറയുന്നത്. ജില്ലാ പൊലീസ് മേധാവിയ്ക്കാണ് വി.വി രമേശൻ പരാതി നൽകിയത്. കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനാണ് വി.വി രമേശൻ.സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നും കെ. സുരേന്ദ്രൻ വിജയിച്ചാൽ മംഗളൂരോ ബംഗളൂരുവിലോ വൈൻ shappum പുതിയ വീടും പണിത് തരാമെന്നായിരുന്നു കെ.സുന്ദരയ്ക്ക് നൽകിയ വാഗ്ദാനം. താൻ 15 ലക്ഷം രൂപ ചോദിച്ചെങ്കിലും രണ്ടര ലക്ഷം രൂപയും മൊബൈൽഫോണുമാണ് ലഭിച്ചതെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു.മുൻപ് 2016ലെ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. അന്നും ബിഎസ്പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുന്ദര 462 വോട്ട് നേടിയിരുന്നു. എന്നാൽ സുരേന്ദ്രൻ പണം നൽകിയെന്ന വിവാദം മുസ്ളീം ലീഗ് സിപിഎം ഗൂഢാലോചനയാണെന്ന് ബിജെപി കാസർകോട് ജില്ല അദ്ധ്യക്ഷൻ കെ.ശ്രീകാന്ത് ആരോപിച്ചു. ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.