ബംഗാളില്‍ 18 ബിജെപി നേതാക്കള്‍ക്ക് തൃണമൂലിന്റെ ഭ്രഷ്ട് ; ഒരു ചായ പോലും കൊടുക്കരുതെന്ന് കടക്കാര്‍ക്ക് നിര്‍ദേശം
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും മമതാബാനര്‍ജിയും തമ്മിലുള്ള പോര് തുറന്ന യുദ്ധമായി മാറിയിരിക്കുന്ന പശ്ചിമബംഗാളില്‍ ബിജെപി നേതാക്കള്‍ക്ക് ഭ്രഷ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് കരിമ്പട്ടിക ഉണ്ടാക്കി തങ്ങളുടെ ചില നേതാക്കള്‍ക്ക് സാമൂഹ്യ ഭ്രഷ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നതായി ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത് ബിജെപി ബംഗാള്‍ ഘടകമാണ്. 18 ലധികം വരുന്ന തങ്ങളുടെ നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്നും ചായപോലും കൊടുക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണെന്നും ബംഗാള്‍ മഹിളാമോര്‍ച്ചാ നേതാവാണ് പറഞ്ഞിരിക്കുന്നത്.
ഇക്കാര്യം ശനിയാഴ്ച മഹിളാമോര്‍ച്ച നേതാവ് കേയാഘോഷ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള ഈ 18 നേതാക്കള്‍ക്ക് കടകളില്‍ നിന്നും ഒരു സാധനവും കൊടുക്കരുതെന്നും ചായ കൊടുക്കണമെങ്കില്‍ പോലും തങ്ങളോട് അനുവാദം ചോദിച്ചേ ചെയ്യാവൂ എന്നും ഇവരുടെ കടകളില്‍ നിന്നും സാധനം വാങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് കേയാ ഘോഷ് കുറിച്ചിരിക്കുന്നത്. പട്ടികയിലുള്ള പേരുകാരുടെ പൊതുവായിട്ടുള്ള കാര്യം അവരുടെ ബിജെപി ബന്ധമാണെന്നും മൗലീകാവകാശമെന്നത് ബംഗാളില്‍ ഇപ്പോള്‍ ഒരു തമാശക്കാര്യമാണെന്നുമാണ് കേയാ ഘോഷ് കുറിച്ചിരിക്കുന്നത്.
ഈ കരിമ്പട്ടിക തയ്യാറാക്കിയിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും പശ്ചിമബംഗാളില്‍ ഇത് പതിവില്ലാത്ത കാര്യമാണെന്നും സജീവമായിരിക്കുന്ന ബിജെപി നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് ആത്മവീര്യം തകര്‍ക്കാനും സാമ്പത്തീകാടിത്തറ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും മാധ്യമങ്ങളും പോലീസും ഈ വാര്‍ത്തകള്‍ മറയ്ക്കുകയാണെന്നും ബിജെപി നേതാവ് സ്വപന്‍ദാസ് ഗുപ്തയും ട്വിറ്ററില്‍ പ്രതികരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രവും മമതാബാനര്‍ജിയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ബംഗാളില്‍ ഏറ്റവും പുതിയ വിഷയം ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാദ്ധ്യായയെ തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചത്. 2021 മെയ് 31 ന് തന്നെ ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം രാഷ്ട്രീയ നടപടി എന്നാരോപിച്ച് ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇതോടെ കേന്ദ്രം നടപടിക്ക് മുതിരുമ്പോള്‍ ബന്ദോപാദ്ധ്യായ പദവി രാജിവെയ്ക്കുകയും ചെയ്തു.
മെയ് 23 ന് നടന്ന പ്രധാനമന്ത്രിയുടെ യോഗത്തില്‍ താമസിച്ചു വന്നതിന് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം ബന്ദോപാദ്ധ്യായയ്ക്ക് നോട്ടീസ് അയച്ചപ്പോഴേയ്ക്കും പദവി രാജിവെച്ച് അദ്ദേഹം മമതയുടെ ഉപദേശകനായി മാറിയിരുന്നു. യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ മമത പങ്കെടുക്കാന്‍ കൂട്ടാക്കാതിരുന്നതാണ് വിവാദത്തിന് കാരണം. പ്രതിപക്ഷ നേതാവും ബംഗാളിലെ കേന്ദ്രമന്ത്രിമാരും പങ്കെടുത്ത പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് 30 മിനിറ്റ് വൈകി എത്തിയ മമത 20,000 കോടിയുടെ നഷ്ടത്തിന്റെ റിപ്പോര്‍ട്ട് നല്കി മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് വൈകാതെ പോകുകയായിരുന്നു. അതിന് പിന്നാലെ ചീഫ് സെക്രട്ടറിയും മടങ്ങി.