കൊടകര കുഴല്‍പ്പണ കേസ്; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയിലെത്തുമെന്ന് മുരളീധരന്
തിരുവനന്തപുരം:കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരന് എം.പി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. കെ സുരേന്ദ്രന് പണം കടത്താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. സി.കെ ജാനുവിന് പണം നല്കിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാര്‍ഥിക്കും 3 കോടി വരെ കേന്ദ്രം നല്‍കിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തുമെന്നും മുരളീധരന് പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൌരവമുള്ള വിഷയമാണ്. അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍ എത്തി നില്ക്കുന്നു. ഹെലികോപ്റ്ററും പണം കടത്താന്‍ ഉപയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരും സുരേന്ദ്രന് സമര്‍പ്പിച്ച ചിലവില്‍ ഹെലികോപ്റ്റര്‍ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന് ചോദിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗം തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കണം. കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണം. കേന്ദ്രം സംസ്ഥാനത്തിന് എതിരെയും അന്വേഷണം നടത്തുന്നുണ്ട്. അതിനാല്‍ ചിലപ്പോള്‍ അന്തര്‍ധാര രൂപപ്പെടാന്‍ സാധ്യതയുണ്ട്. എല്ലാം സമഗ്രമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ ?മുഖ്യമന്ത്രി അതിന് തയ്യാറായാല്‍ പിന്തുണയ്ക്കും. കടലാക്രമണം തടയാന്‍ ബജറ്റില്‍ അനുവദിച്ച തുക പരിമിതമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.