കുഴൽപ്പണവും ഗ്രൂപ്പിസവും കാര്യങ്ങൾ വഷളാക്കി, നേതൃമാറ്റം ഉണ്ടാകും,ഉചിതസമയത്ത് ഇടപെടും; കേരളത്തിലെ വിവാദങ്ങളിൽ അതൃപ്തിയറിയിച്ച് ബി ജെ പി ദേശീയ നേതൃത്വം
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ വിവാദങ്ങളിൽ കേന്ദ്ര നേതാക്കൾക്ക് കടുത്ത അതൃപ്തി. വിഭാഗിയതയാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടിയുടെ പ്രതിച്ഛായയെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് ദേശീയ നേതാക്കളുടെ നിലപാട്.കേരളത്തിലെ മുതിർന്ന നേതാക്കളിൽ പലരുമായും ആശയവിനിമയം നടത്തിയ കേന്ദ്രനേതൃത്വം ഇതിനോടകം തങ്ങളുടെ വിയോജിപ്പ് സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ഭാരവാഹിയോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാനാണ് ആവശ്യം. പരസ്യപ്രസ്താവനകളും സമൂഹമാദ്ധ്യമ ഇടപെടലുകളും വാർത്തചോർത്തലും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ജനറൽ സെക്രട്ടറിമാരുടെ ഇന്ന് തുടങ്ങുന്ന രണ്ട് ദിവസത്തെ യോഗം കേരളത്തിലെ സാഹചര്യം ചർച്ച ചെയ്യുമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു. നേതൃമാറ്റം തത്ക്കാലം പരിഗണനയിലില്ലെങ്കിലും ഉചിതസമയത്ത് ഇടപെടാനാണ് കേന്ദ്രനേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ഏത് തരത്തിൽ മുന്നോട്ടുപോകുന്നുവെന്ന് കേന്ദ്ര നേതൃത്വം നിരീക്ഷിച്ചുവരികയാണ്.