വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്കി അരക്കോടി തട്ടി: ലബോറട്ടറി ഉടമ അറസ്റ്റില്‍
വളാഞ്ചേരി: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്കി അരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ വളാഞ്ചേരി കുളമംഗലം അര്‍മ ലബോറട്ടറി ഉടമ സുനില്‍ സാദത്ത് അറസ്റ്റില്‍. 2020 ലാണ് സംഭവം.
കോഴിക്കോട് ആസ്ഥാനമായുള്ള ഐ.സി.എം.ആര്. അംഗീകൃത ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അര്‍മ ലബോറട്ടറി ഓഗസ്റ്റ് 16 മുതല്‍ കോവിഡ് പരിശോധനയ്ക്കായി 2500 പേരില്‍നിന്ന് സാമ്പിള്‍ ശേഖരിെച്ചങ്കിലും 496 സാമ്പിളുകള്‍ മാത്രമാണ് കോഴിക്കോട്ടേക്ക് അയച്ചത്. ബാക്കി സാമ്പിളുകള്‍ ലാബില്‍ത്തന്നെ നശിപ്പിച്ച് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്താതെ ടെസ്റ്റിന് 2750 രൂപ വീതം രണ്ടായിരത്തോളം ആളുകളില്‍നിന്ന് തട്ടി.
വിവരം പുറംലോകമറിഞ്ഞതോടെ വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ അനേ്വഷണമാണ് നടന്നത്. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് ഉടമ സുനില്‍ സാദത്തിന്റെ മകനും നടത്തിപ്പുകാരനുമായ ചെര്‍പ്പുളശേരി തൂത സ്വദേശി സജിത്ത് എസ്. സാദത്ത്, കൂട്ട് പ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരന് അബ്ദുള്‍ നാസര്‍ എന്നിവരെ പിടികൂടിയിരുന്നു. ഉടമ സുനില്‍ സാദത്ത് ഒളിവില്‍ പോയി.
കേസില്‍ അനേ്വഷണം തുടരുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച സുനില്‍സാദത്തിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടു. അനേ്വഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി എസ്.എച്ച്.ഒ: പി.എം. ഷമീറിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു. നേരത്തെ ലാബില്‍നിന്നുള്ള രേഖകളെല്ലാം കണ്ടുകെട്ടി പോലീസ് ലാബ് സീല്‍ ചെയ്തിരുന്നു.