ചെങ്ങന്നൂര്‍: തനിച്ചു താമസിക്കുന്ന വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് വിശാഖപട്ടണത്ത് പിടിയിലായി. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോന് (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുടുംബസുഹൃത്തുകള്‍ക്കൊപ്പം ചെറിയാനും ലില്ലിയും
ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇരുവരേയും സുഹൃത്തുകള്‍ ഫോണില്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കള്‍ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അടുക്കളയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോര്‍ റൂമില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്.