‘ആ മുന്‍ എം.എല്‍.എ അന്ധനും മൂകനും ബധിരനുമായിരുന്നോ’; തിരൂരിലെ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന ഹരജിയില്‍ പ്രതികരിച്ച് പി.വി അന്‍വര്‍
മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് ഹൈക്കോടതിയില്‍ ഹരജി നല്കിയ സ്ഥലം എം.എല്‍.എ കെ.പി.എ മജീദിനെ വിമര്‍ശിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. കാലാകാലങ്ങളോളം അവിടുത്തെ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് അംഗത്വം വരെ കൈയ്യാളുന്ന പാര്‍ട്ടിയുടെ അംഗമാണു ഈ പ്രഹസനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
‘അവിടുത്തെ മുന്‍ എം.എല്‍.എ അന്ധനും മൂകനും ബധിരനുമായിരുന്നോ,
ഹരജി കൊടുക്കേണതിനൊക്കെ പകരം, നേരിട്ട് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം മജീദ് സാഹിബേ,
കാലങ്ങളോളം തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റല്‍ കോമ്പൗണ്ടിലെ കള പറിക്കലായിരുന്നോ അദ്ദേഹത്തിന്റെ പണിയെന്ന്,’ പി.വി അന്‍വര്‍ ചോദിച്ചു
അതേസമയം, തിരൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കിയിട്ടില്ലെന്നാണ് കെ.പി.എ മജീദ് ഹരജി നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയോട് അവഗണനയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.
ഹരജി വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ കൊണ്ടോട്ടി എം.എല്‍.എ. ടി.വി. ഇബ്രാഹിമും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
ആരോഗ്യ രംഗത്ത് മലപ്പുറം ജില്ലയോട് സര്‍ക്കാര്‍ അവഗണന കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
ജില്ലയുടെ ജനസംഖ്യാനുപാതികമായി വാക്സിന് വിതരണം നടന്നിട്ടില്ലെന്നും കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.