മാധ്യമങ്ങള്‍ക്കും പൊലീസിനും എതിരെ ടി ജി നന്ദകുമാര്‍ ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ടി ജി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തെ കുണ്ടറയിലെ വ്യാജ ബോംബ് ആക്രമണ കേസില്‍ തന്നെ പോലിസ് ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാതെ വേണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി.
ക്രിമിനല്‍ കേസുകളിലെ അന്വേഷണ വിവരങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് നിയമപരമല്ലന്നും കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നിര്‍വധി വാര്‍ത്തകള്‍ നല്‍കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കണ്ണനല്ലൂര്‍ പോലീസ് ഫോണിലാണ് ആവശ്യപ്പെട്ടത്. ഡല്‍ഹിയിലായിരുന്നതിനാല്‍ ഹാജരാവാന്‍ കഴിഞ്ഞില്ല. പിന്നീട് സ്വദേശമായ കൊച്ചിയില്‍ എത്തിയതിനു ശേഷം കൊല്ലത്ത് എത്തി അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസൗകര്യം അറിയിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
കൊല്ലത്തൊ കൊച്ചിയിലോ പോലീസ് സ്റ്റേഷനുകളില്‍ ചോദ്യം ചെയ്യലിന് വിധേയമാവാന്‍ തയ്യാറാണ് എന്നാല്‍ വിശദാംശങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ കോടതി പോലിസിന്റെ നിലപാട് തേടി.