മലപ്പുറം: അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ സി.പി.ഐ.എമ്മിനും ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്കും വിമര്‍ശനം.
വൈകാരികമായ പ്രസ്താവനകള്‍ നടത്തി വോട്ട് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ.എം നേതാക്കളും എ.ഐ.എം.ഐ.എമ്മും അയോധ്യ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടതെന്ന് യോഗത്തില്‍ ചില നേതാക്കള്‍ കുറ്റപ്പെടുത്തി.കേരളത്തിലെ മുസ്ലീം വോട്ടാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ സി.പി.ഐ.എം കൂടെ നില്‍ക്കാറില്ലെന്നും യോഗം കുറ്റപ്പെടുത്തി.