ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരണം; ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന
ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവരുന്ന ഒരു ജലവിതരണ പദ്ധതി സ്ഥലത്താണ് ആറു തൊഴിലാളികള്‍ മുങ്ങി മരിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യം ഒമാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ തിരിച്ചറിയല്‍ രേഖകളും വിരലടയാളം ഉള്‍പ്പെടെ ഉള്ളവയും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം നടത്താനാവൂ എന്ന് ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീര്‍ പറഞ്ഞു.
ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.