ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി; മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. വൈകുന്നേരം 3.30ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്കോളര്ഷിപ്പുകളില് 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് 80 ശതമാനം മുസ്ലീംങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലീം ലീഗും ഐ.എന്‍.എല്ലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കണം എന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കും. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം.