കുഴല്‍പ്പണകേസ്; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി:കൊടകര കുഴല്‍പ്പണകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് പരാതി നല്കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സലിം മടവൂര്‍ കോടതിയെ സമീപിച്ചത്.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇ.ഡി അന്വേഷണം നടത്തേണ്ടതില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നുമാണ് ഇ.ഡി ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം കേസില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തത്. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.