ഫോണിൽ 25 കോടി ആവശ്യപ്പെട്ടെങ്കിലും നടി വഴങ്ങിയില്ല; ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിൽ കുറ്റം സമ്മതിച്ച് രവി പൂജാരി, അന്വേഷണം കാസർകോട്ടേക്കും
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ നിര്‍ണായക പങ്ക് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. പണം ആവശ്യപ്പെട്ട് നടി ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത് താന്‍ തന്നെയെന്ന് പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രവി പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു, കാസര്‍കോട് മേഖകളിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.ലീന മരിയാ പോളിനെ കുറിച്ചും ഇവരുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് വിവരം നല്‍കിയത് ഈ ഗുണ്ടാ സംഘമാണെന്ന് രവി പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊച്ചിയില്‍ വെടിവയ്പ്പിന് ആളെ നിയോഗിച്ചതും ഇവര്‍ വഴിയായിരുന്നു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയത് താനാണെന്നും പൂജാരി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.ഇതോടെ കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. ഫോണ്‍ വിളിച്ച് 25 കോടി ആവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ നടി ഭീഷണിക്ക് വഴങ്ങാതെ വന്നതോടെയാണ് വെടിവയ്പ്പ് നടത്താന്‍ തീരുമാനിച്ചത്.കനത്ത സുരക്ഷയിലാണ് രവി പൂജാരിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകന്റെ സഹായം തേടാന്‍ രവി പൂജാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിലുള്‍പ്പടെയുള്ള എല്ലാ കേസുകളും ബംഗളൂരുവിലേക്ക് മാറ്റാന്‍ സുപ്രീം കോടതിയെ സമീപിക്കാനും നീക്കമുണ്ട്.2018 ഡിസംബര്‍ 15നാണ് ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പ് നടത്തിയ രണ്ടുപേര്‍ നേരത്തെതന്നെ അറസ്റ്റിലായിരുന്നു. കേസില്‍ ചോദ്യം ചെയ്യാനായി ഈ മാസം എട്ടുവരെയാണ് രവി പൂജാരിയെ എ ടി എസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.