ബിജെപി യുടെ കുഴല്‍പണമിടപാടിൽ കുരുക്ക് മുറുകുന്നു സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ് റിപ്പോര്‍ട്ട് കോടതിയിൽ
തൃശൂര്‍ :ധര്‍മരാജ് തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണക്കാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാദം പൊളിച്ച് പൊലീസ് റിപ്പോര്‍ട്ട്. കൊടകര കുഴല്‍പ്പണക്കേസില്‍ പരാതിക്കാരനായ ധര്‍മരാജ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ക്ക് കുഴല്‍പ്പണ ഇടപാടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. നാടിന്റെ സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പു സാമഗ്രികളുമായാണ് ധര്‍മരാജ് എത്തിയതെന്നും അതിനാല്‍ മുറിയെടുത്തു നല്‍കിയെന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറിന്റെ വാദവും പൊലീസ് അന്വേഷണത്തില്‍ പൊളിഞ്ഞു.
ധര്‍മരാജിന് കുഴല്‍പ്പണ ഇടപാടുണ്ട്. ധര്‍മരാജ് ആവശ്യപ്പെട്ട പ്രകാരം കേസില്‍ പരാതി നല്കിയ ഷംജീര്‍ പലതവണ പലയാളുകള്‍ക്കും പണം എത്തിച്ചിട്ടുണ്ട്. 14 വര്‍ഷത്തോളമായി ഷംജീര്‍ ധര്‍മരാജിനൊപ്പം ഡ്രൈവറായി പ്രവര്‍ത്തിക്കുന്നു. ധര്‍മരാജിനും സഹോദരന് ധനരാജിനും വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് വഴിയാണ് ധര്‍മരാജിന് പണം എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃശൂരിലെത്തുമ്പോള്‍ ധര്‍മരാജന്റെ പക്കല്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ധര്മരാജന് വിതരണം ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതോടെ സുരേന്ദ്രന്റെയും കെ കെ അനീഷ്കുമാറിന്റെയും എല്ലാ വാദങ്ങളും പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
അന്വേഷണം വഴി തെറ്റിക്കാന്‍ ധര്‍മരാജ് പരാതിയില്‍ നഷ്ടപ്പെട്ട സംഖ്യ 25 ലക്ഷമാക്കി കുറച്ചു കാണിക്കുകയായിരുന്നു. പിന്നീട് അന്വേഷണം സംഘം ചോദ്യം ചെയ്തതില്‍ കാറില്‍ മൂന്നരക്കോടിയുള്ളതായും സമ്മതിച്ചു. ഇതിനകം ഒരുകോടിയില്‍പ്പരം രൂപ കണ്ടെത്തി. ധര്‍മരാജിനെ ചോദ്യം ചെയ്തതില്‍ പണം ബിജെപിയുടേതാണെന്ന് അന്വേഷകസംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. ധര്‍മരാജില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കളെ അന്വേഷകസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.