എറണാകുളം വൈറ്റിലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
കൊച്ചി: വൈറ്റിലയില്‍ ട്രാന്‍സ്ജെന്‍ഡറെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി വേലംകോട് പൊളപ്പാളില് വീട്ടില്‍ രാജേഷ്(ശ്രീധന്യ-33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈറ്റില എല്‍.എം. പൈലി റോഡില്‍ ചാര്‍ളി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസം.
താഴത്തെ നിലയില്‍ വീട്ടുടമയും കുടുംബവും മുകളിലത്തെ നിലയില്‍ രാജേഷ് ഉള്‍പ്പെടെ രണ്ട് ട്രാന്‍സ്ജെന്‍ഡറുകളുമായിരുന്നു താമസം. രാജേഷ് ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു. കോവിഡിനെ തുടര്‍ന്ന് ബസ്സ് സര്‍വ്വീസ് നിലച്ചതോടെ ജോലി ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.
അവണി എന്ന ട്രാന്‍സ് ജന്ഡറായിരുന്നു ആദ്യം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. മേയ് 24ന് ഇവര്‍ നാട്ടിലേക്ക് പോയതോടെയാണ് രാജേഷ് ഇവിടേക്ക് താമസത്തിനെത്തിയത്. സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടില്‍ ട്രാന്സ്ജെന്ഡറുകള്ക്കൊപ്പമായിരുന്നു രാജേഷ് മുമ്പ് താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് 24-ന് ഈ വീട്ടിലേക്ക് താമസത്തിനെത്തിയത്. രണ്ടുദിവസം മുമ്പ് പനി, ഛര്‍ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുറിയില്‍ തന്നെയായിരുന്നു. സമീപത്തെ വീട്ടിലുള്ള സുഹൃത്തുക്കളാണ് ഇയാള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച് കൊടുത്തിരുന്നത്.
മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് രാജേഷിന്റെ റൂംമേറ്റായിരുന്ന ആവണി അറിയിച്ചത് പ്രകാരം വീട്ടുടമ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. തുടര്‍ന്ന് മരട് പോലിസില്‍ വിവരം അറിയിച്ചു. പരിശോധനയില്‍ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെ മരിച്ച വിവരം ലഭിച്ചെങ്കിലും, വ്യാഴാഴ്ച രാവിലെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയത്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച രാവിലെ തന്നെ കോഴിക്കോട് നിന്നും രാജേഷിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി മരട് സി.ഐ. വിനോദ് കുമാര്‍ അറിയിച്ചു. മരണത്തില്‍ അസ്വഭാവികതയില്ലെന്നും, പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു എന്നുമാണ് ലഭ്യമായ വിവരം.