ഈ ഇളവുകൾ കൊണ്ട് എന്ത് കാര്യം…? വിലക്കുകൾ നീക്കാതെ രക്ഷയില്ലെന്ന് വ്യാപാരികൾ
കാഞ്ഞങ്ങാട്: വ്യാപാര സ്ഥാപനങ്ങള്‍ തുറന്നതുകൊണ്ടു മാത്രമായില്ലല്ലോ…? കച്ചവടം നടക്കണ്ടേ…? അത് മുടക്കുന്ന ഉത്തരവുകളാണ് ഇപ്പോഴുമുള്ളത്. പിന്നെ ഇളവുകള്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം..? അടങ്ങാത്ത സങ്കടത്തോടെ, അമര്‍ഷത്തോടെ വ്യാപാരികള്‍ ചോദിക്കുകയാണ്. ഇളവുകളുടെ പട്ടിക നിരത്തുമ്പോഴും പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് നിലവിലുള്ളത്. അവ പിന്‍വലിക്കുകയാണ് വേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു.
സ്വർണ്ണാഭരണ ശാലകളിലും, തുണി ഷോപ്പുകളിലും, ചെരുപ്പ് കടകളിലുമെല്ലാം വരുന്നവര്‍ വിവാഹക്ഷണക്കത്ത് കരുതണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇപ്പോള്‍ വിവാഹച്ചടങ്ങിന് 20 പേര്‍ക്ക് മാത്രമെ അനുമതിയുള്ളൂ. അങ്ങനെ പങ്കെടുക്കന്നവരൊക്കെയും അടുത്ത ബന്ധുക്കളായിരിക്കും. ആ 20 പേര്‍ക്ക് വേണ്ടി ആരും ക്ഷണക്കത്ത് അച്ചടിക്കാറില്ല. ഇനി, അച്ചടിക്കാന്‍ തീരുമാനിച്ചാല്‍ തന്നെ പ്രിന്റിംഗ് പ്രസ്സുകള്‍ തുറക്കുന്നുമില്ല. നൂറ് രൂപയുടെ ചെരുപ്പ് വാങ്ങാന്‍ ആയിരം രൂപയിലേറെ ചെലവഴിച്ച് ക്ഷണക്കത്ത് അടിക്കണമെന്നാണോ..? ഇനിയെങ്കിലും ഈ വക തടസ്സങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നാണ് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരം കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാമെന്നാണ് ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ മൂന്ന് ദിവസമെങ്കിലും മര്യാദയ്ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേ പറ്റൂ. ഗൃഹോപകരണ ഷോപ്പുകള്‍, ഫാന്‍സി, സ്റ്റേഷനറി കടകള്‍ തുടങ്ങിയവയും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കേണ്ടതുണ്ട്.
ഒട്ടുമിക്ക കടകളിലെയും സ്റ്റോക്ക് ഈര്‍പ്പം മൂലവും എലി ശല്യം കാരണവും നശിക്കുകയാണ്. ഈര്‍പ്പം കാരണം ഫംഗസ് പടരുന്നുണ്ട്. അനിശ്ചിതമായുള്ള അടച്ചുപൂട്ടല്‍ ഒരിക്കലും ശാശ്വത പരിഹാരമല്ല. വ്യാപാരി സംഘടനകളുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമുണ്ടാക്കുകയാണ് ചെയ്യേണ്ടതെന്ന് വ്യാപാകരികൾ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് ഉത്തരവുകളുടെ തേരോട്ടമാണ്. ഒരുദിവസം തന്നെ രണ്ടും മൂന്നും ഉത്തരവുകളാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും മാറി മാറി അടിച്ചേല്പിക്കുന്നത്. ഇനിയും ദ്രോഹിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നാണ് വ്യാപാരികളുടെ അഭ്യർത്ഥന.