കൊൽക്കത്ത : അയോധ്യാഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ വിധി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അശോക് കുമാർ ഗാംഗുലി. ന്യൂനപക്ഷത്തിന് നീതി ലഭ്യമായിട്ടില്ലെന്നും ന്യൂനപക്ഷത്തോട് തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം വിധികളോട് പൊരുത്തപ്പെടാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.
“മൗലികാവകാശങ്ങൾ ഉണ്ടെങ്കിൽ മസ്ജിദ് സംരക്ഷിക്കാനുള്ള അവകാശവുമുണ്ട്. അക്രമത്തിലൂടെ മസ്ജിദ് തകർത്തതോടെ ഈ അവകാശമാണ് തകർക്കപ്പെട്ടത്.’ ഭൂമി രാംലല്ലയ്ക്ക് അവകാശപ്പെട്ടതാണെന്ന വിധിക്ക് എന്തു തെളിവാണ് ജഡ്ജിമാർ ആധാരമാക്കിയതെന്നും ഗാംഗുലി ചോദിച്ചു. മസ്ജിദിന് അടിയിൽ കെട്ടിടമുണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ, അത് ക്ഷേത്രത്തിന്റെതായിരുന്നുവെന്ന് പറയുന്നില്ല. ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നതിന് തെളിവില്ല. 500 വർഷംമുമ്പുള്ള കാര്യത്തിൽ കോടതി എങ്ങനെയാണ് തീരുമാനമെടുത്തത്.
നമസ്കാരം നടന്നിരുന്നതിനാൽ പള്ളിയായിരുന്നുവെന്ന് സുപ്രീംകോടതി സമ്മതിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഭൂമി ക്ഷേത്രത്തിന് നൽകുന്ന തീരുമാനമെടുക്കുക. ഭരണഘടനാ മൂല്യങ്ങൾക്ക് എന്താണ് സംഭവിച്ചത്. ഇത്തരം കാര്യങ്ങളിൽ അസ്വസ്ഥതതോന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിലെ വിധിയിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും എ കെ ഗാംഗുലി പറഞ്ഞു.