പ്രവേശനോത്സവത്തിൽവൈറലായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥിനി
മീനാക്ഷി രാജേഷ്
കാഞ്ഞങ്ങാട്: സ്കൂൾ പ്രവേശനോത്സവ വാർത്തകളിൽ വൈറലായി അഞ്ചാം ക്ലാസുകാരിയുടെ ദൃശ്യ ഗീതം .ഓൺലൈൻ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ അഞ്ചാം തരം വിദ്യാർഥിനി മീനാക്ഷി രാജേഷാണ് വേറിട്ട പ്രവേശനോത്സവ ഗാനം ആലപിച്ച് ശ്രദ്ധേയയായത്. “പൂമ്പാറ്റകളായ് പാറാം നമുക്ക്, പറവകളെ പോൽ പാടാം… “എന്നു തുടങ്ങുന്ന ഗാനം കോവിഡ് മഹാമാരി കൂട്ടുകാരിൽ വരുത്തിവെച്ച ഒറ്റപ്പെടലും മാനസിക പിരിമുറുക്കവും മാറ്റി പഴയ നല്ല കാലത്തേക്ക് തിരിച്ചു പോകാനുള്ള വഴിവിളക്ക് കൂടിയായി.കൂട്ടുകൂടാൻ ആവില്ലെങ്കിലും ,മനസ്സാൽ സ്നേഹക്കുട ചൂടിയും അക്ഷരമുത്താൽ കൂടൊരുക്കിയും, കണക്കു നൂലുകൾ ചേർത്തു വെച്ചും പാഠാവലിയുടെ പൂമണം വിതറുന്ന വസന്തകാലത്തേക്ക് പോകാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് മീനാക്ഷിയുടെ ദൃശ്യ ഗീതം അവസാനിക്കുന്നത്. യു ട്യൂബ്, ഫെയ്സ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തും ലൈക്കിട്ടും ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചത്.പൊതു പ്രവർത്തകനും എഴുത്തുകാരനുമായ ബെഡൂരിലെ കെ.പി.നാരായണൻ്റെ രചനയ്ക്ക് ജോയി കുന്നുംകൈ ആണ് സംഗീതം പകർന്നത്. അച്ഛൻ രാജേഷ് മധുരക്കാടും രവികാന്ത് കാസർകോട്ടും അണിയറയിൽ പ്രവർത്തിച്ചു. റോഷിണിയാണ് അമ്മ