എ രാജ എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; 500 രൂപ വച്ച് പിഴ ഈടാക്കണമെന്ന് വി ഡി സതീശന്
തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജയുടെ സത്യപ്രതിജ്ഞയില്‍ ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷം. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരം അല്ലാത്തതിനെ തുടര്‍ന്ന് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാല്‍ ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ല എന്ന കണ്ട സാഹചര്യത്തില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. സാമാജികന് അല്ലാതെ സഭയില്‍ ഇന്നലെ വരെ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമവിദഗ്ദ്ധരുമായി ഇക്കാര്യത്തില്‍ ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് വ്യക്തമാക്കി.
ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് ദേവികുളം എംഎല്‍എ എ.രാജ സത്യപ്രതിജ്ഞ ചെയ്തത്. തമിഴില്‍ തന്നെയാണ് ഇത്തവണയും രാജ സത്യവാചകം ചൊല്ലിയത്.
ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആണ് ഇന്ന് രാജ രണ്ടാമത്തെ സത്യപ്രതിജ്ഞ ചൊല്ലിയത്.
ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ഥിയായി എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്.