കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ തീപിടിത്തം, വ്യാപക നാശനഷ്ടം
നാഗർകോവിൽ: കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ അഗ്നിബാധ. തീപിടിത്തത്തെ തുടർന്ന് ക്ഷേത്രത്തിൽ വലിയ തോതിൽ നാശനഷ്ടമുണ്ടായതായാണ് വിവരം.ഇന്ന് പുലർച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തിൽ നിന്ന് വൻ അഗ്നിബാധ ഉയർന്നുവന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ കുളച്ചൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി.കുളച്ചൽ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.നില വിളക്കിൽ നിന്ന് തീ പടർന്നതായി നിഗമനംദീപാരാധനയ്ക്കുശേഷം നിലവിളക്കിൽ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടിൽ തീ പിടിക്കുകയും അങ്ങനെ തീ പടർന്നതാവാം എന്ന നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ ഇങ്ങനെയൊരു തീപിടിത്തം.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു.