ഇരുപത്തെട്ടുകാരി ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന് വീട്ടില്‍ കുഴിച്ചിട്ടു; സഹായിച്ചത് കാമുകന്
മുംബൈ: കാമുകന്റെ സഹായത്തോടെ ഇരുപത്തെട്ടുകാരി ഭര്‍ത്താവിനെ കൊന്ന് വീട്ടില്‍ കുഴിച്ചിട്ടു. പ്രതിയായ റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
റഷീദയുടെ ഭര്‍ത്താവ് റയീസ് ഖാനെ ഒരാഴ്ചയായി കാണാത്തതിനെ തുടര്‍ന്ന് മേയ് 25 ന് അയല്‍വാസി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തു വന്നത്. പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലപാതകം. റയീസ് ഒരു കടയില്‍ സെയില്‍മാനായി ജോലി നോക്കുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മകളുടെ കണ്മുന്നിലായിരുന്നു കൊല നടന്നത്. റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേര്‍ന്ന് വീട്ടിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൂടി. പിന്നീട് ഇരുവരും സാധാരണ പോലെ അവരവരുടെ പ്രവൃത്തികളിലേക്ക് മടങ്ങി.
കാണാതായ റയീസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് റഷീദയുടെ മകള്‍ കൊലപാതകത്തിന്റെ വിവരം പറയുകയായിരുന്നു. റയീസിന്റെ സഹോദരന് പോലീസിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് റഷീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.