ചെങ്കല്‍ ഖനനം :വാഹനം കസ്റ്റഡിയിലെടുത്ത വില്ലേജ് ഓഫീസര്‍ക്ക് വധഭീഷണി
മടിക്കൈ : മടിക്കൈ ചേക്കാനത്ത് അനധികൃത ചെങ്കല്‍ ക്വാറിയിലെ ചെങ്കല്ല് കടത്തുകയായിരുന്ന രണ്ട് വാഹനങ്ങള്‍ റവന്യൂ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ക്വാറിയുടമ ഒരു വാഹനം കടത്തിക്കൊണ്ടുപോയി. തുടര്‍ന്ന് ക്വാറിയുടമ മടിക്കൈ വില്ലേജ് ഓഫീസറെ ഓഫീസിലെത്തി തടഞ്ഞുവെച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി.
പിടിച്ചെടുത്ത വാഹനം ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബലമായി കൊണ്ടുപോയത്. കളക്ടറുടെ നിര്‍ദേശപ്രകാരം നീലേശ്വരം പോലീസ് ക്വാറിയുടമയ്ക്കെതിരേ കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ പി. പ്രേമരാജിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂസംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ എസ്. സോവി രാജും പങ്കെടുത്തു.
മടിക്കൈയില്‍ അനധികൃത ചെങ്കല്‍പ്പണകള്‍ പെരുകുന്നതായി പരാതിയുണ്ടായിരുന്നു. മടിക്കൈ, അമ്പലത്തുകര വില്ലേജുകളിലായി രണ്ടെണ്ണത്തിന് മാത്രമാണ് ലൈസന്സുള്ളതെന്നാണ് പരിശോധകസംഘം പറയുന്നത്.