അമ്പലത്തറ പോലീസ് അഞ്ജലിയുമായി നാട്ടിലേക്ക് തിരിച്ചു തെലങ്കാന നര്‍സിംഗി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മദനം ഗംഗാധറിന് നന്ദിയറിയിച്ച്.
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയുമായി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലും സംഘവും കേരളത്തിലേക്ക് യാത്ര തിരിച്ചു.തെലങ്കാനയിലെ മണികൊണ്ട നരസിംഗി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി വൈകിയാണ് അമ്പലത്തറ പോലീസ് എത്തിയത്. രാത്രി 9.30 ഓടെ നർസിംഗി സ്റ്റേഷൻ ഇൻസ്പെക്ടർ മദനം ഗംഗാധർ അഞ്ജലിയെ കേരളാ പോലീസിന് കൈമാറി ഔദ്യോഗിക നടപടികൾക്ക് ശേഷം രാത്രി ഏറെ വൈകിയാണ് അന്വേഷണ സംഘം തിരികെയാത്രയാരംഭിച്ചത്. ഇന്ന് രാത്രിയോടെ അഞ്ജലിയുമായി അമ്പലത്തറ പോലീസ് നാട്ടിലെത്തും. തുടർന്ന് നാളെ ഉച്ചയോടെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുമെന്നാണ് കരുതുന്നത്.
ജീവിതത്തിൽ താൻ അനുഭവിച്ച വിഷമതകളും പ്രശ്നങ്ങളും അഞ്ജലി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.മാനസികമായി അസ്വസ്ഥതകൾ നിറഞ്ഞ അഞ്ജലി തൻ്റെ കത്തിൽ പരാമർശിച്ചതു പോലെ ലോകത്തോട് മൊത്തം വെറുപ്പും വിദ്വേഷവും സൂക്ഷിച്ചിരുന്നു. ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അഞ്ജലിയുടെ തീരുമാനമാണ് നാടുവിടലിന് പിന്നിലുണ്ടായിരുന്നതെന്നാണ് കരുതുന്നത്. നാട്ടിലെത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ കാര്യങ്ങൾ വ്യക്തമാവു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ, എസ് ഐ മധുസൂദനൻ മടിക്കൈ , വനിത എസ് സി.പി.ഒ രതി, ഡ്രൈവർ എസ് സി പി ഒ ബാബു എന്നിവരാണ് അഞ്ജലിയുമായി മണി കൊണ്ടയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുള്ളത്.