2018ൽ മരിച്ചയാൾക്കും ഗുജറാത്തിൽ കൊവിഡ് വാക്സിൻ! സർട്ടിഫിക്കറ്റ് നൽകി ആരോഗ്യ വകുപ്പ്, കുടുംബം അമ്പരപ്പിൽ
അഹമദാബാദ്: ലോകത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് മരിച്ചുപോയ ഒരാള്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി ആരോഗ്യവകുപ്പ്. സംഭവം വിവാദമായതോടെ ഗുജറാത്ത് ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടുമാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പിഴവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.മൂന്ന് വര്‍ഷം മുമ്പ് മരിച്ച ഗുജറാത്തിലെ ഉപ്ലേത ഗ്രാമത്തിലെ ഹര്‍ദാസ്ഭായിയുടെ പേരിലാണ് കൊവിഡ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നൽകിയത്. കുടുംബത്തിന് ആരോഗ്യവകുപ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അയച്ച് നൽകുകയായിരുന്നു.2018ലാണ് ഹർദാസ് ഭായി മരിച്ചത്. മരണശേഷം ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് കുടുംബാംഗങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോള്‍ കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് കുടുംബം. രാജ്യമെമ്പാടും കൊവിഡ് വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.