കാസർകോട്ടെ കാട്ടാനശല്യം: ഉന്നതതല യോഗം ഉടന്‍ ചേരുമെന്ന് നിയമസഭയിൽ മന്ത്രി എ.കെ.ശശീന്ദ്രന്
ചട്ടഞ്ചാൽ : കാസർകോട് ജില്ലയില്‍ കര്‍ണാടകയുമായി ബന്ധപ്പെട്ടുകിടക്കുന്ന പഞ്ചായത്തുകളില്‍ തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉന്നതതലയോഗം വിളിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. പകല്‍ പോലും ജില്ലയില്‍ ആനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന സാഹചര്യമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഉദുമ എം.എല്‍.എ. സി.എച്ച്.കുഞ്ഞമ്പു അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാസര്‍കോട് റേഞ്ചിനുകീഴില്‍ ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കുകയും ഡിവിഷനില്‍ പുതുതായി സൃഷ്ടിച്ച 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ നിയമനം നടത്തുകയും ചെയ്യുന്നതോടെ ജീവനക്കാരുടെ അഭാവത്തിന് പരിഹാരമാകും. കാസര്‍കോട് റേഞ്ചില്‍ ആര്.ആര്.ടി.യുടെ വാഹനം കൂടാതെ ഒരു ജീപ്പുകൂടി റേഞ്ചിലെ മറ്റാവശ്യങ്ങള്‍ക്കും ആനകളെ തുരുത്തുന്നതിനും വിട്ടുനല്‍കിയിട്ടുണ്ട്. ദേലംപാടി, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, കാറഡുക്ക എന്നീ പഞ്ചായത്തുകളുമായി സഹകരിച്ച് ആനപ്രതിരോധ പ്രോജക്ടുകള്‍ നടപ്പാക്കും. ക്രാഷ് ഗാഡ് ഫെന്‍സിങ്, റെയില്‍ ഗാഡ് ഫെന്‍സിങ് എന്നിവ നിര്‍മിക്കുന്ന കാര്യം വനം വകുപ്പ് പരിശോധിച്ചുവരികയാണ്.
കാസര്‍കോട് റേഞ്ചിന്റെ പരിധിയില്‍ കാട്ടാനശല്യമുള്ള വിവിധ സ്ഥലങ്ങളില്‍ പുതുതായി സോളാര്‍ ഫെന്‍സിങ്ങും ട്രഞ്ചുകളും നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്.