ബിജെപി ഫണ്ട് വെട്ടിപ്പ് : സാമാന്തര അന്വേഷണവുമായി ആര്‍എസ്എസ്
കോഴിക്കോട്:ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിലും കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലും സമാന്തര അന്വേഷണവുമായി ആര്‍എസ്എസ്. ബിജെപിയിലെയും ആര്‍എസ്എസിലെയും ഒരുവിഭാഗം നേതാക്കള്‍ തട്ടിപ്പിലും കുഴല്‍പ്പണ കവര്‍ച്ചാ നാടകത്തിലും പങ്കാളികളാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. സംഘപരിവാറിന് അപമാനമായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താനെന്ന പേരിലാണ് ആഭ്യന്തര അന്വേഷണം. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് വിനോദിനാണ് അന്വേഷണ ചുമതല.
കള്ളപ്പണബന്ധമുള്ള തെരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി ആര്‍എസ്എസ് -ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ മൂര്‍ച്ഛിക്കുന്ന ഭിന്നതയുടെ ഭാഗമാണ് സമാന്തര അന്വേഷണം. കേസില്‍ രക്ഷപ്പെടാന്‍ ബോധപൂര്‍വം ആര്‍എസ്എസിന്റെ പേര് വലിച്ചിഴച്ചുവെന്നാണ് പ്രമുഖ നേതാക്കളുടെ അഭിപ്രായം. പരാതി നല്കിയ കോഴിക്കോട്ടെ കരാറുകാരനായ ധര്‍മരാജനെയടക്കം ആര്‍എസ്എസ് തള്ളി. ആര്‍എസ്എസ് നോമിനിയായ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്, മധ്യമേഖലാ സെക്രട്ടറി കാശിനാഥന് എന്നിവരെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതോടെയാണ് ആര്‍എസ്എസ് നേതൃത്വത്തിന് പൊള്ളിയത്. പ്രാന്തപ്രചാരകരില്‍ ചിലരെക്കൂടി പൊലീസ് ചോദ്യംചെയ്യുമോ എന്ന ഭയവുമുണ്ട്.
കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും നയിക്കുന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തന ശൈലിയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരത്തെ മതിപ്പില്ല. സുരേന്ദ്രനടക്കം പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ ആര്‍എസ്എസ് നടത്തുന്ന രഹസ്യാന്വേഷണത്തിന് വലിയ പ്രാധാന്യവും കല്പ്പിക്കുന്നു. അതേസമയം മുഖംരക്ഷിക്കാനുള്ള ആര്‍എസ്എസ് നീക്കമായാണ് ബിജെപിയിലെ പ്രമുഖര്‍ അന്വേഷണത്തെ കാണുന്നത്.