പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്-സഹകരണപ്രസ്ഥാനത്തിന്റെ നായകനുമായ കെ.ആർ കണ്ണൻ അന്തരിച്ചു.
നീലേശ്വരം: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും സോഷ്യലിസ്റ്റ്-സഹകരണപ്രസ്ഥാനത്തിന്റെ നായകനും നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന കെ.ആർ.കണ്ണൻ അന്തരിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് കെ.ആർ.കണ്ണൻ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്. മൈസൂർ നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് നടന്ന കാൽനടയാത്രയിലും പങ്കെടുത്തിരുന്നു. ഈ സമരത്തിനെതിരെ ബ്രീട്ടീഷ് സർക്കാർ 144-ാം വകുപ്പ് പ്രഖ്യാപിച്ചിരുന്നു. അതിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു യാത്ര. പിൽക്കാലത്ത് അദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി.
ക്വിറ്റിന്ത്യാസമരത്തിൽ തന്റെ രാഷ്ട്രീയഗുരുവായ അന്തരിച്ച എൻ.കെ.ബാലകൃഷ്ണനോടൊപ്പം പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മലബാർ കുടിയാൻനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.കുഞ്ഞിരാമക്കുറുപ്പ്, കുറ്റിയിൽ നാരായണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ജാഥയിലും മുൻനിരക്കാരനായി പ്രവർത്തിച്ചു. പെരിയയിൽ കേരള ഗാന്ധി കെ.കേളപ്പനായിരുന്നു ജാഥ ഉദ്ഘാടനംചെയ്തത്. ഇതിനിടയിൽ നെയ്ത്തുതൊഴിലാളികളെ സംഘടിപ്പിച്ച് അവരെ പോരാട്ടത്തിലേക്ക് നയിക്കുന്നതിലും ശ്രദ്ധപതിപ്പിച്ചു.
1927-ൽ ഏപ്രിൽ 14-ന് നിലേശ്വരത്തെ പി.രാമന്റെയും ചിരുതയുടെയും മകനായി ജനിച്ച കെ.ആർ. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ഏഴാംതരംവരെ പഠിച്ചശേഷമാണ് സ്വതന്ത്രസമരത്തിൻ്റെ തീചൂളയിലേക്കിറങ്ങിയത്. 1942-ൽ കർണാടക വിദ്യാർഥികൾ ഉൾപ്പടെയുള്ള സംഘത്തെ സംഘടിപ്പിച്ച് നീലേശ്വരം കേന്ദ്രമാക്കി പ്രവർത്തിക്കാൻ കഴിഞ്ഞു.
നവോത്ഥാന കേരളത്തിൽ അയിത്തോച്ചാടനത്തിനെതിരേയുള്ള പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. എൻ.മനോഹരൻ മാഷോടൊപ്പം അമ്പലകുളത്തിൽ കുളിച്ച് നീലേശ്വരം മന്നൻപുറത്ത് കാവിൽ ദർശനംനടത്തിയത് നാട്ടിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. വിഭജന കുടിയിറക്കത്തിനെതിരേ പി.ആർ.കുറുപ്പ്, എൻ.കെ.ബാലകൃഷ്ണൻ, പി.എം.കുഞ്ഞിരാമൻ നമ്പ്യാർ, കെ.കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരോടൊപ്പം കാട്ടമ്പള്ളി സമരജാഥയിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.
ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, ഗോവ വിമോചനസമരം എന്നിവയിലും പങ്കാളിയായിട്ടുണ്ട്. ഗോവ വിമോചനസമരത്തിന് മംഗളൂരുവിൽനിന്ന് കൺകുമ്പിവരെ സത്യാഗ്രഹികൾ നടന്നാണ് പോയത്. ഈ യാത്രയിൽ ശുദ്ധജലം കിട്ടാത്തതിനാൽ ദാഹിച്ച് ചെളിവെള്ളം കുടിക്കേണ്ടിവന്നതും
കെ.ആർ കണ്ണൻ എന്ന പോരാമ്പിയുടെ സമര ചരിത്രത്തിലെ മറക്കാനാവാത്ത ഏടായിരുന്നു.
മികച്ച സഹകാരികൂടിയായ കെ.ആർ. നീലേശ്വരം സഹകരണബാങ്കിന്റെ ഭരണസമിതി അംഗമായി അഞ്ച് പതിറ്റാണ്ടോളം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ രണ്ടുതവണ പ്രസിഡന്റുമായി. സ്വാതന്ത്ര്യസമര പെൻഷൻ ഉപദേശകസമിതി ജില്ലാ അംഗമായും പ്രവർത്തിച്ചു.