മേലാങ്കോട്ട് പ്രവേശനോത്സവം നടന്നത് 400 വീടുകളില്‍
കാഞ്ഞങ്ങാട് : വേറിട്ട പരിപാടികളോടെ സ്കൂൾ പ്രവേശനോത്സവം നടത്തി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ
പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഓരോ വീടും കൊടിക്കൂറകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ശാസ്ത്രവും ഗണിതവും ഭാഷയും രൂപങ്ങളും കമാനങ്ങളുമായി മാറിയപ്പോൾ വീടുകൾ വിദ്യാലയമായി. നാന്നൂറ് വീടുകളിലാണ് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അറിവുത്സവത്തിൻ്റെ അരങ്ങൊരുക്കിയത്.വീട്ടുമുറ്റത്തെ പ്രവേശനോത്സവത്തിൽ കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കെടുത്തു. പായസ ദാനവും ചെണ്ടമേളവും ഒരുക്കിയ വീടുകൾ വരെയുണ്ടായി. നാട്ടുമാവിൻ തൈ നട്ടു കൊണ്ടാണ് വീടുകളിലെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.
സ്കൂൾ തല പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. എച്ച്.എൻ.പ്രകാശൻ അധ്യക്ഷത വഹിച്ചു. നാടിൻ്റെ സ്വന്തം എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം വാർഷിക സ്മരണിക പ്രകാശനം ചെയ്തു. ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് ബാലചന്ദ്രൻ കൊട്ടോടി അക്ഷര വിസ്മയം ജാലവിദ്യയ ഒരുക്കി . പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.വി. വനജ, ജയൻ.ജി, പി.ശ്രീകല, കെ.രശ്മി ,ഋതുരാജ് പ്രസംഗിച്ചു. ക്ലാസ് തലത്തിലും പ്രവേശനോത്സവമുണ്ടായി.
ഫോട്ടോ: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി വീടുകൾ അലങ്കരിച്ചപ്പോൾ