ലൈംഗികപീഡനം, മൂന്നുതവണ ഗര്‍ഭഛിദ്രം; നടിയുടെ പരാതിയില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിക്കെതിരേ കേസ്
ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ തമിഴ്നാട്ടിലെ മുൻ മന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എ. മണികണ്ഠനെതിരേ പോലീസ് കേസെടുത്തു. ചെന്നൈ അഡയാർ വനിതാ പോലീസാണ് നടിയുടെ പരാതിയിൽ മണികണ്ഠനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ച് വർഷത്തോളം തന്നോട് അടുപ്പം പുലർത്തിയിരുന്ന മണികണ്ഠൻ വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. ഇതിനിടെ, മൂന്ന് തവണ ഗർഭിണിയായി. എല്ലാ തവണയും മണികണ്ഠൻ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി. വിവാഹത്തിന് ശേഷം കുഞ്ഞ് മതിയെന്നാണ് ആ സമയത്ത് മണികണ്ഠൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇയാൾ ബന്ധത്തിൽനിന്ന് പിന്മാറിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.
താൻ രാജ്യം വിട്ടില്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങൾക്ക് നേരെയും ഭീഷണിയുണ്ടായി. വാടക കൊലയാളികളെ ഉപയോഗിച്ച് തന്നെ കൊല്ലുമെന്ന് മണികണ്ഠൻ പറഞ്ഞതായും നടിയുടെ പരാതിയിലുണ്ട്.
അതേസമയം, നടി ഉന്നയിച്ച എല്ലാ ആരോപണങ്ങളും മണികണ്ഠൻ നിഷേധിച്ചതായാണ് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച നടിയെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങൾ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നിലവിൽ മണികണ്ഠൻ ചെന്നൈയിൽനിന്ന് കടന്നതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.