കടൽക്ഷോഭം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖല അനുഭവിക്കുന്ന കടൽക്ഷോഭ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കടൽക്ഷോഭത്തിൽ തകർന്ന തീരദേശമേഖലക്ക് അടിയന്തര സഹായം നൽകണമെന്നാണ് പ്രതിക്ഷത്തിെന്റ ആവശ്യം. പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. തീരദേശത്തെ ജനങ്ങൾ കടലിനും കോവിഡിനും ഇടയിലാണെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
അഞ്ച് വർഷം കൊണ്ട് കടലാക്രമണ പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിയോ ട്യൂബിന്റെ കാര്യത്തിൽ രണ്ടഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ശംഖുമുഖത്തെ തീരശോഷണത്തിൽ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷത്തിനകം 5000 കോടിയുടെ കടലാക്രമണ പ്രതിരോധ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
തീരശോഷണം നേരിടാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. കിഫ്ബിക്ക് കീഴിൽ സുസ്ഥിര പദ്ധതി തുടങ്ങിയെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ഒന്നരമാസത്തിനകം ചെല്ലാനത്തെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാനും. ചെല്ലാനത്തെ മാതൃക ഗ്രാമമായി ഏറ്റെടുക്കും. 100 മീറ്റർ ജിയോ ട്യൂബ് ഇടുന്ന പ്രവർത്തനങ്ങൾ ആഗസ്റ്റിൽ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.