‘ബംഗാളില്‍ ഘര്‍വാപ്പസി’ ബി.ജെ.പിയിലേക്ക് കൂടുമാറിയ തൃണമൂല്‍ നേതാക്കളുടെ തിരിച്ചൊഴുക്ക്; മുകുള്‍ റോയ് തിരിച്ചെത്തുമെന്നും
കൊല്‍ക്കത്ത:പശ്ചിമ ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിലേക്ക് കൂടുമാറിയ നേതാക്കളുടെ തിരിച്ചൊഴുക്ക്. മുൻ എം.എൽ.എയും ഫുട്ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് അവസാനമായി തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സാഹചര്യമില്ല ബംഗാളിലിപ്പോള്‍. ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ എല്ലാ തന്ത്രങ്ങളും പൊളിയുന്ന കാഴ്ചയാണ് ബംഗാളില്‍. നേരത്തെ ബി.ജെ.പിയിലേക്ക് പോയ സോനാലി ഗുഹ, സരള മുർമു, അമാൽ ആചാര്യ എന്നിവരും തൃണമൂലിലേക്ക് മടങ്ങിയെത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നേതാക്കളുടെ മടങ്ങിവരവിനോട് മമത ബാനർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് പോലും തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പാര്‍ട്ടി മുഖമായ മുകുള്‍ റോയ് വരെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2016ൽ ബസിർഹത് ദക്ഷിൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ് നൽകാത്തിനെ തുടർന്നാണ് പാർട്ടി വിട്ടതെന്നും വിഷാദ നിമിഷത്തിൽ എടുത്ത തീരുമാനമായിരുന്നു അതെന്നും തെറ്റായിപ്പോയെന്നും ദീപേന്ദു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങാൻ താത്പര്യമുണ്ടെന്നറിയിച്ച് ദീപേന്ദു തിങ്കളാഴ്ച മമതക്ക് കത്തെഴുതി.