മോദി -മമത ഏറ്റുമുട്ടൽ അതിരൂക്ഷം,കേന്ദ്രം തിരിച്ചുവിളിച്ച ബംഗാള്‍ ചീഫ് സെക്രട്ടറി രാജിവച്ചു; മമതയുടെ മുഖ്യ ഉപദേഷ്ടാവാകും
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ തല്‍സ്ഥാനത്തുനിന്ന് വിരമിച്ചുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ ചീഫ് സെക്രട്ടറിയെ ഡല്‍ഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിര്‍ദ്ദേശം പാലിക്കില്ലെന്ന് മമത വ്യക്തമാക്കി.
അദ്ദേഹം ഡല്‍ഹിയിലെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണ്. എന്നാല്‍ ബന്ദോപാധ്യായ വിരമിച്ച ഒഴിവില്‍ എച്ച്.കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
‘അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കോവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം ബംഗാളില്‍ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കോവിഡിന്റെയും യാസ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ആവശ്യമുണ്ട്. ജോലി ചെയ്യുന്നതിനായി ജീവിതം സമര്‍പ്പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നത്. അവര്‍ കരാര്‍ തൊഴിലാളികളാണോ ? നിരവധി ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ ഇല്ലേ ? ആരോടും ആലോചിക്കാതെ ഞാന്‍ അവരെ തിരിച്ച് വിളിച്ചാല്‍ എന്താകും സ്ഥിതി .. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, തിരക്കുള്ള പ്രധാനമന്ത്രി, മന് കി ബാത്ത് പ്രധാനമന്ത്രീ …’ മമത പരിഹസിച്ചു.
യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് മമത വിട്ടുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചത്. ഇന്ന് രാവിലെ പത്തിന് കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരുന്നു. അവലോകന യോഗത്തില്‍നിന്ന് വിട്ടുനിന്ന മമത ഹെലിപ്പാഡിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ പോകുകയും ചെയ്തു. മമതയുടെ പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശമുന്നയിച്ച് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടാവില്ലെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ചത്.