കുഴല്‍പ്പണ കേസിന്റെ പേരില്‍ ഏറ്റുമുട്ടലും കത്തിക്കുത്തും; നാല് ബി.ജെ.പി. പ്രവര്‍ത്തകര്‍ പിടിയില്‍
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിന്റെ പേരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ഒരാള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. വാടാനപ്പള്ളി തൃത്തല്ലൂരിലെ ബി.ജെ.പി. പ്രവര്‍ത്തകരായ സഹലേഷ്, സഫലേഷ്, സജിത്, ബിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് വാടാനപ്പള്ളി തൃത്തല്ലൂരിലെ കോവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ തൃത്തല്ലൂര്‍ വ്യാസനഗറിലെ കിരണിന് കുത്തേറ്റിരുന്നു.
കൊടകര കുഴല്‍പ്പണ കേസിനെച്ചൊല്ലി സാമൂഹികമാധ്യമങ്ങളിലുണ്ടായ ചില ആരോപണങ്ങളാണ് സംഘര്‍ഷത്തിന് കാരണമായത്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളുടെ പേരില്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ തര്‍ക്കംനിലനിന്നിരുന്നു. തൃത്തല്ലൂര്‍ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവര്‍ത്തകര്‍ തമ്മിലാണ് കുഴല്‍പ്പണ കേസിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നത്.
കുഴല്‍പ്പണ കേസില്‍ ഏഴാംകല്ലിലുള്ള ബിജെപി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവര്‍ത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ സാമൂഹികമാധ്യമങ്ങളില്‍ വാക്പോര് നടക്കുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച സംഘര്‍ഷമുണ്ടായത്. വ്യാസനഗറിലെ ബി.ജെ.പി. പ്രവര്‍ത്തകരായ ചിലര്‍ ഞായറാഴ്ച ഉച്ചയോടെയാണ് കോവിഡ് വാക്സിനെടുക്കാനായി തൃത്തല്ലൂര്‍ സി.എച്ച്.സിയില്‍ എത്തിയത്. ഈ സമയം ഏഴാംകല്ലിലെ ചില ബി.ജെ.പി. പ്രവര്‍ത്തകരും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.