ബ്യൂട്ടി പാർലർ വെടിവെയ്പ്പ്: രവി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു,
നാളെ കൊച്ചിയിലെത്തിക്കും
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ കൊച്ചി യൂണിറ്റ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ് , കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നല്‍കിയത്.