വ്യാജ വാറ്റുകാരുടെ സംഘം പോലീസിനെ ആക്രമിച്ചു; മുളകുപൊടിയെറിഞ്ഞ് മര്ദനം, എസ്.ഐ. ബോധരഹിതനായി
കൊല്ലം :തെന്മല ഒറ്റക്കൽ പാറക്കടവിൽ വാറ്റുകാരുടെ സംഘം പോലീസിനെ ആക്രമിച്ചു. തെന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസ്, എസ്.ഐ. ശാലു ഡി.ജെ., ഗ്രേഡ് എസ്.ഐ. സിദ്ദീഖ്, അനീഷ് എന്നിവർക്ക് പരിക്കേറ്റു. റിച്ചാർഡ് വർഗീസിനെയും ശാലുവിനെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ് അവശനിലയിലായ എസ്.ഐ. ശാലുവിനെ ബോധരഹിതനായാണ് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയാണ് സംഭവം. വാറ്റു ചാരായം പിടികൂടുന്നതിനായി സ്ഥലത്തെത്തിയതായിരുന്നു പോലീസ്. മൽപ്പിടിത്തത്തിനിടയിൽ വാറ്റുകാരുടെ സംഘം പോലീസിനുനേരേ മുളകുപൊടി വിതറുകയും മർദിക്കുകയുമായിരുന്നു.
എസ്.ഐ.യുടെ കൈവിരൽ ഒടിയുകയും തലയ്ക്ക് അടിയേൽക്കുകയും ചെയ്തു. ദേഹത്ത് പലയിടത്തും തടിക്കഷണംകൊണ്ട് അടിയേറ്റ മുറിവുണ്ട്. വലതുകൈ ആഴത്തിൽ കടിച്ചു മുറിച്ചിട്ടുണ്ട്. ഇടതുകാലിലെ തള്ളവിരൽ കല്ലുകൊണ്ടുള്ള ഇടിയറ്റ് ചതഞ്ഞു. ഒറ്റക്കൽ പാറക്കടവ് സ്വദേശികളായ വാസു, അനി എന്നിവരും വിഷ്ണു, വിജയൻ എന്നിവരുമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ പിടിയിലായതായി സൂചനയുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
രാത്രി പരിശോധനയ്ക്കിടെ പോലീസിന് നേരേ ആക്രമണം
കുണ്ടറ : രാത്രിപരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ആളിന്റെ ആക്രമണത്തിൽ പോലീസ് ഡ്രൈവർക്ക് പരിക്കേറ്റു. പോലീസ് ഡ്രൈവർ ഷിന്റോയ്ക്കാണ് തലയ്ക്കു പരിക്കേറ്റത്. അക്രമം നടത്തിയ കുരീപ്പുഴ തൈവിള കിഴക്കതിൽ ജോസഫ് ഹെന്റി(25)യെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വെളുപ്പിന് 1.30-ന് കൊല്ലം-തേനി ദേശീയപാതയിൽ അലിൻഡിനുസമീപമാണ് സംഭവം. കല്ലട ഭാഗത്തുനിന്ന് കുണ്ടറ ഭാഗത്തേക്ക് ബൈക്കിലെത്തിയ ജോസഫിനെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പുത്തൂർ എസ്.എച്ച്.ഒ. തടഞ്ഞു. പോലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് ജോസഫ് റോഡരികിൽക്കിടന്ന പാറക്കല്ലെടുത്ത് ഷിന്റോയുടെ തലയ്ക്കിടിച്ചു. ഷിന്റോ കാഞ്ഞിരകോട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
എസ്.എച്ച.ഒയും സംഘവും പ്രതിയെ പിടികൂടി കുണ്ടറ സ്റ്റേഷനിലെത്തിച്ചു. ആക്രമിച്ചു പരിക്കേൽപ്പിച്ചതിനും വധശ്രമത്തിനും ജോസഫിന്റെ പേരിൽ അഞ്ചാലുംമൂട് സ്റ്റേഷനിൽ കേസുകളുള്ളതായി കണ്ടെത്തി. ജോസഫിനെതിരേ വധശ്രമത്തിന് കേസെടുത്തതായി കുണ്ടറ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.