കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ഥികളെയും സി.പി.ഐ.എം പുറത്താക്കി. കോഴിക്കോട്ട് വെച്ച് അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെയും താഹ ഫസലിനെയുമാണ് സി.പി.ഐ.എം പുറത്താക്കിയത്.
പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സി.പി.ഐ.എം നടപടി. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാന്‍ കഴിയാതെ പോയതു സ്വയം വിമര്‍ശനമായി കരുതണമെന്നാണ് സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം അവരെ തിരുത്തണമെന്ന അഭിപ്രായമാണ് ലോക്കല്‍ കമ്മിറ്റികളില്‍ ഉയര്‍ന്നുവന്നത്. കേസില്‍ ഇടപെടേണ്ടതില്ലെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ് നേരത്തേ തീരുമാനിച്ചിരുന്നു.
ഇന്നലെ വൈകിട്ട് പന്നിയങ്കര ലോക്കലിലാണു പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ആദ്യ യോഗം കൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ജാമ്യത്തെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.അലനും താഹക്കും വേണ്ടി സി.പി.ഐ.എം തന്നെ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. അഭിഭാഷകന്റെ ഫീസും സി.പി.ഐ.എം തന്നെയാണ് നല്‍കിയത്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ ഉറപ്പും നല്കിയിട്ടുണ്ടായിരുന്നു.