ആ നുണയും പൊളിഞ്ഞു ; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം
തിരുവനന്തപുരം:കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരിയും ഗോതമ്പും മാത്രം വിതരണം ചെയ്യുന്നുണ്ട്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്കാന് അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്. 2020ലെ ലോക്ഡൗണ്‍ സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അഞ്ചു കിലോ അരി/ഗോതമ്പ് നല്‍കിയിരുന്നു.
തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഭക്ഷ്യവസ്തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു. കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തിലടക്കം പറഞ്ഞു. കെ സുധാകരന് എംപിയും ഇത്തരത്തില്‍ പ്രചാരണം നടത്തി. കേന്ദ്രം നല്കുന്ന കിറ്റാണെങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ചിരുന്നു.