കുഴല്‍പ്പണം ആളിക്കത്തിയതിന് പിന്നാലെ ബിജെപി യിൽ ഫണ്ട് വിവാദവും : വന്നത് 400 കോടി; ചെലവഴിച്ചത് 156; 244 കോടി കാണാനില്ലെന്ന് വാർത്തയുമായി മംഗളം
തിരുവനന്തപുരം : കൊടകര കുഴല്പ്പണവിവാദത്തിനു പിന്നാലെ ബി.ജെ.പി.യെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പു ഫണ്ട് വിവാദവും. തെരഞ്ഞെടുപ്പു ചെലവിനായി എത്തിയ 400 കോടി രൂപയില്‍ സാമ്പത്തിക തിരിമറി നടന്നെന്ന് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ബി.ജെ.പി. നേതാക്കള്‍ ദേശീയനേതൃത്വത്തിനു പരാതി നല്കി. കുഴല്‍പ്പണവിവാദം അന്വേഷിക്കുന്ന പോലീസ് സംഘം ബി.ജെ.പി. സംസ്ഥാന ഓഫീസ് സെക്രട്ടറിയെ അടക്കം ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ ആരോപണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുകള്‍ക്കായി 400 കോടി രൂപയാണ് ദേശീയനേതൃത്വം നല്‍കിയതെന്നും ഇതില്‍ 156 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അളവറ്റ പണമാണു ദേശീയതലത്തില്‍നിന്നു സംസ്ഥാന ഘടകത്തിനു ലഭിച്ചതെന്നും എന്നാല്‍ ഇതു സംബന്ധിച്ച കണക്കുകള്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
പ്രധാനപരാതികള്‍ ഇങ്ങനെ: ‘ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 എ പ്ലസ്, എ കാറ്റഗറി മണ്ഡലങ്ങളില്‍ ഭൂരിഭാഗം മണ്ഡലങ്ങള്‍ക്കും രണ്ട് കോടി ഇരുപതു ലക്ഷം രൂപ വീതം നല്കിയപ്പോള്, ഇതേ കാറ്റഗറിയിലെ ഔദ്യോഗിക പക്ഷക്കാര്‍ സ്ഥാനാര്‍ഥിയായ മണ്ഡലങ്ങള്‍ക്ക് ആറു കോടിയോളം രൂപയാണ് ലഭിച്ചത്. (ആകെ 55 കോടി രൂപ.) 25 ബി കാറ്റഗറി മണ്ഡലങ്ങളില്‍ ചിലതിന് 1.5 കോടിയും ബാക്കിയുള്ളവക്ക് ഒരു കോടിയുമാണ് നല്‍കിയത്. (ആകെ 32 കോടി രൂപ.)
ബാക്കി വരുന്ന മറ്റു കാറ്റഗറി മണ്ഡലങ്ങളില്‍ പത്തിടത്ത് 50 ലക്ഷം വീതവും ബാക്കിയിടങ്ങളില്‍ 25 ലക്ഷവുമാണ് ലഭിച്ചത്. കേരളത്തിലാകെ കണക്കെടുത്താല്‍ 156 കോടി രൂപയാണ് മണ്ഡലങ്ങള്‍ക്കു നല്‍കിയത്. ബി.ജെ.പി. ഫിനാന്‍സ് കമ്മിറ്റി രൂപവത്കരിക്കാതെ നേരിട്ട ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. വന്ന പണത്തിന്റെയും ചെലവാക്കിയ പണത്തിന്റെയും ഓഡിറ്റ് പാര്‍ട്ടിക്കകത്ത് നടത്തണമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചില്ല.’
വന്ന പണത്തിന്റെയും ചെലവഴിച്ച പണത്തിന്റെയും കണക്കില്ലെന്നും ബാക്കി വന്ന പണം ബി.ജെ.പിയുടെ ഒരു അക്കൗണ്ടിലും കാണാനില്ലെന്നും ദേശീയ നേതൃത്വത്തിനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ കൈയിലേക്കാണു ‘കാണാതായ പണം’ എത്തിയെതെന്നും മഹാരാഷ്ടയിലും കര്‍ണാടകയിലും ചില നേതാക്കള്‍ക്ക് അനധികൃത സമ്പാദ്യമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുശേഷം നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും ജില്ലാ അവലോകന യോഗങ്ങളിലും തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അതേസമയം ആരോപണം ബി.ജെ.പി. നേതൃത്വം നിഷേധിക്കുകയാണ്. ചെലവഴിച്ച പണത്തിന് കൃത്യമായ കണക്കുണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.