ജില്ലയിലെ ആരോഗ്യമേഖലയില്നിയമനങ്ങള് വേഗത്തിലാക്കാന്‍ ഇടപെടും;മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖലയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള നിയമനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിമയമനങ്ങളുടെ കാര്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ടാറ്റ ആശുപത്രി, കാസര്‍കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കുള്‍പ്പെടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ നിയമന ഉത്തരവ് കിട്ടിയിട്ടും കാസര്‍കോട്ടേക്ക് വരാന്‍ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആരോഗ്യ മേഖലക്കൊപ്പം മറ്റു ഉദ്യോഗസ്ഥ തലത്തിലും ഈ പ്രശ്നം ഉള്ളതായും ജില്ലയിലെ ജനപ്രതിനിധികള്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമത്തിനനുസരിച്ച് തീരുമാനങ്ങളുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആണ് കാസര്‍കോട് നടക്കുന്നത്. ഇത് ഊര്‍ജിതമായി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയും മന്ത്രി ഉറപ്പ് നല്കി. സംസ്ഥാനത്തിന് എയിംസ് ആശുപത്രി അനുവദിക്കുകയാണെങ്കില്‍ അത് കാസര്‍കോട് ലഭ്യമാക്കണമെന്ന് എം.പിയും എം.എല്‍.എമാരും യോഗത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ ട്രോമാ കെയര്‍ സംവിധാനമൊരുക്കണമെന്നും മെഡിക്കല്‍ കോളജിന്റെ നിര്‍മാണം വേഗത്തിലാക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. മഞ്ചേശ്വരം മുതല്‍ മാട്ടൂല്‍ വരെയുള്ള തീരദേശത്ത് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട എം.പി നിവേദനം നല്കി. മഞ്ചേശ്വരം മേഖലയിലേക്ക് 108 ആംബുലന്‍സിന്റെ സേവനം ഉറപ്പുവരുത്തണമെന്നും ഇതിനൊപ്പം മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലേക്ക് നേരത്തെ അനുവദിക്കപ്പെട്ട ആംബുലന്‍സ് എത്തിക്കണമെന്നും എ.കെ.എം.അഷ്റഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലയിലെ ആശുപത്രികളിലെ ഓക്സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വെന്റിലേറ്ററുകള്‍ എല്ലാം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്തിയ പരിഗണന കൊടുക്കണമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മഞ്ചേരി മാതൃകയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെയും ടാറ്റ ആശുപത്രിയെയും യോജിപ്പിച്ചു കൊണ്ട് ജില്ലയിലെ രണ്ടാമെത്ത മെഡിക്കല്‍ കോളജായി ഉയര്‍ത്താമെന്ന നിര്‍ദ്ദേശം പരിഗണിക്കണമെന്നു സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. 10കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ആശുപത്രികളുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു യോഗത്തെ അറിയിച്ചു. ജില്ലയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തണമെന്നും വര്‍ക്കിങ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷന് വ്യവസ്ഥകളില്‍ ജീവനക്കാര്‍ വേഗത്തില്‍ സ്ഥലം മാറിപ്പോകുന്നത് നിയന്ത്രിക്കണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, എ.ഡി.എം അതുല്‍ സ്വാമിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡാ.കെ ആര് രാജന്, ജില്ലാ
സര്‍വലെന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എ.വി.പ്രദീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.