പാവപ്പെട്ട വൃക്കരോഗികള്‍ക്ക് ജില്ലയില്‍ സൗജന്യ ഡയാലിസിസ്: കിഡ്സ് പദ്ധതിക്ക് കൈ കോര്‍ത്ത് തദ്ദേശ സ്ഥാപനങ്ങള്‍
കാസർകോട്: പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് ഇനി ചികിത്സക്കായി പ്രയാസപ്പെടേണ്ടതില്ല. സൗജന്യമായി ഡയാലിസിസ് പദ്ധതിയുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. കിഡ്സ് (കാസര്‍ഗോഡ്`സ്`ഇനിഷേറ്റീവ് ഫോര്‍ ഡയാലിസിസ് സപ്പോര്‍ട്ട്) എന്ന പേരിലാണ് പദ്ധതി. പട്ടികജാതി, പട്ടിക വര്‍ഗ, ബി പി എല്‍ വിഭാഗത്തില്്പ്പെട്ടവര്ക്കാണ് ആദ്യഘട്ടത്തില്‍ സൗജന്യ സേവനം ലഭ്യമാകുക. രോഗികളുടെ ഡാറ്റ ബാങ്ക് തയ്യാറാകുന്ന മുറക്ക് എ.പി.എല്‍ വിഭാഗത്തിലെ അര്‍ഹരായവര്‍ക്കും സേവനം പ്രയോജനപ്പെടുത്താം. ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യാനുള്ള ലക്ഷ്യത്തോട് കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ബാബും അറിയിച്ചു.
കോവിഡ് ഒന്നാം തരംഗത്തില്‍ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ മംഗലാപുരം ആശുപത്രികളില്‍ ഡയാലിസിസിനെത്താന്‍ കഴിയാതെ രോഗികള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ് ജില്ലയിലെ വൃക്കരോഗികളുടെ പ്രശ്നങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 24 ഡയാലിസിസ് മെഷീനുകള്‍ മാത്രമാണ് നേരത്തെ ഉണ്ടായിരുന്നത്. ഇതു വഴി ഒരു ദിവസം 72 രോഗികള്‍ക്ക് മാത്രമേ സേവനം ലഭ്യമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. ജില്ലയില്‍ 673 വൃക്കരോഗികള്‍ ഉണ്ടെന്നാണ് കണക്ക്. ഭൂരിഭാഗവും ഡയാലിസിസ് ചെയ്യുന്നത് മംഗലാപുരത്ത് നിന്നാണ്. രോഗികളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കിഡ്സ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും കൈകോര്‍ത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാതല അപെക്സ് ഡയാലിസിസ് സൊസൈറ്റിക്ക് രൂപം നല്‍കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ് സൊസൈറ്റി സെക്രട്ടറി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രക്ഷാധികാരികളായിരിക്കും. ജില്ലയില്‍ ആറ് ബ്ലോക്കുകളിലും ബ്ലോക്ക് തല ഡയാലിസിസ് സൊസൈറ്റിയും രൂപീകരിക്കും. ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെയാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഡയാലിസിസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആവശ്യക്കാര്‍ക്ക് സാന്ത്വന പരിചരണം ഉള്‍പ്പെടെ ഉറപ്പുവരുത്താനാണ് ഈ തുക ഉപയോഗിക്കുക.
ഡയാലിസിസ് സംബന്ധമായ എല്ലാ ചിലവുകളും അതാത് സൊസൈറ്റികള്‍ വഹിക്കും. ഒരു ഡയാലിസിസിന് 750 രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇത് പ്രകാരം ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകള്‍ 250രൂപ വീതം വിഹിതമായി നല്‍കും. ജില്ലയിലെ 673 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാക്കാന്‍ പ്രതിവര്‍ഷം 5.88കോടിരൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് 1.96 കോടി രൂപയും ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് 1.96 കോടി രൂപയും ബാക്കി വരുന്ന തുക ജില്ലാ പഞ്ചായത്തും സംഭാവന വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു.
രോഗികളുടെ യാത്രാ ദുരിതം കുറക്കുന്നതിന് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലെ ഡയാലിസിസ് സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാം. ഇത് പ്രകാരം നിശ്ചയിക്കപ്പെട്ട ഏഴ് ആരോഗ്യ കേന്ദ്രങ്ങളിലെത്തി വൃക്കരോഗികള്‍ക്ക് കൃത്യ സമയത്ത് ഡയാലിസിസ് ഉറപ്പുവരുത്താന്‍ സാധിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ആണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ പഞ്ചായത്ത്, നഗരസഭാ വാര്‍ഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തിയ അപേക്ഷ മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രത്തടെ സമര്‍പ്പിക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി പിബി രാജീവ്, ഡി എം ഒ (ആരോഗ്യം)ഡോ.കെ ആര് രാജന്, എ ഡി എം അതുല്‍ സ്വാമിനാഥ്, ജില്ലാ സര്‍വലെന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ്, സി പിസി ആര് എ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന് എന്നിവര്‍ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.