ബയോഫ്ളോക്ക് മത്സ്യ കൃഷിയില്‍ വിജയം കൊയ്ത് മുന്‍ പ്രവാസി
കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ രാവണേശ്വരം കൊട്ടിലംഗാട് മീത്തൽ വീട്ടിൽ കുഞ്ഞിരാമൻ ആദ്യമായാണ് മത്സ്യകൃഷി ചെയ്യുന്നത്. പ്രവാസജീവിതം വിട്ടു നാട്ടിൽ വന്നതിനു ശേഷം വാഴ,നെല്ല്,പച്ചക്കറി കൃഷികൾ ചെയ്തു വരികയായിരുന്നു കുഞ്ഞിരാമൻ. ഇതിനിടയിലാണ് അജാനൂർ ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിനെയും സഹകരണത്തോടെ വീട്ടുമുറ്റത്ത് ബയോഫ്ലോക് മത്സ്യ കൃഷി ആരംഭിച്ചത്. 5 മീറ്റർ നീളവും ഒന്നര അടി പൊക്കവുമുള്ള വൃത്താകൃതിയിലുള്ള കുളം നിർമ്മിച്ച് അതിൽ ഫിഷറീസ് വകുപ്പ് നൽകിയ 1200 ഓളം തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആയിരുന്നു മത്സ്യകൃഷിക്ക് തുടക്കമിട്ടത്. കഴിഞ്ഞ നവംബർ 19ന് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആറ് മാസക്കാലയളവിൽ വിളവെടുക്കാൻ ആണ് ഉദ്ദേശിച്ചത്, ഈ കോവിഡ മഹാമാരി കാലത്ത് അല്പം നീണ്ടു പോയെങ്കിലും നല്ല വിളവാണ് ഈ മത്സ്യകൃഷിയിൽ കുഞ്ഞിരാമന് ലഭിച്ചത്. വിളവെടുപ്പിൽ ലഭിച്ച ഒരു മത്സ്യത്തിന് ഏകദേശം 600 ഗ്രാമോളം തൂക്കമുണ്ട്. എങ്ങനെ 1200 ഓളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് നടത്തിയ മത്സ്യകൃഷിയിൽ മൊത്തം നാല് കിന്റളോളം വിളവ് ലഭിക്കുമെന്നാണ് കുഞ്ഞിരാമൻ അഭിപ്രായപ്പെടുന്നത്. മത്സ്യകൃഷി പരിപാലനത്തിൽ കുഞ്ഞിരാമനൊപ്പം ഭാര്യ ബീനയും മക്കളായ അക്ഷയയും അശ്വിനിയും സഹായിക്കാറുണ്ട്. വീട്ടുവളപ്പിൽ നടന്ന മത്സ്യ കൃഷി വിളവെടുപ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മണികണ്ഠൻ നിർവഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ഫിഷറീസ് വകുപ്പ് പ്രമോട്ടർ ജിജി ജോൺ, കെ.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.