കാസര്‍കോട് നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കുംതളങ്കരയിലെ 4.8ഏക്കര്‍ സ്ഥലംഉപയോഗപ്പെടുത്തി ടൂറിസം കേന്ദ്രമാക്കും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാസര്‍കോട്:ജില്ലയില്‍ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികര്‍ക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസര്‍കോടെന്നതിനാല്‍ അതിന് മുന്‍കൈയെടുക്കും. നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എം.എല്‍.എ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മംഗലാപുരം തുറമുഖം കാസര്‍കോടിന് തൊട്ടടുത്തുണ്ട് എങ്കിലും തുറമുഖ വകുപ്പിന് പ്രതിവര്‍ഷം 30കോടിരൂപ വരെ വരുമാനം ജില്ലയില്‍ നിന്നും ലഭിക്കുന്നുണ്ട്. തീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും പൊന്നാനിയിലെ മണല്‍ ശുദ്ധീകരണശാല പോലെ മറ്റൊരു സ്ഥാപനം പൊതു സ്വകാര്യ പങ്കാളിത്തതോടെ കാസര്‍കോട് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കടവുകള്‍ ഉള്ള പ്രദേശമെന്ന നിലയില്‍ പദ്ധതിക്ക് പ്രാധാന്യം കൈവവരുമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് തളങ്കരയിലെ 4.8ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കും. നിരവധി സ്ഥാപനങ്ങള്‍ വരാനുള്ള പശ്ചാത്തല സൗകര്യമുള്ള ജില്ലയെന്നതിനാല്‍ കാസര്‍കോട് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആലോചിക്കും. ആവശ്യങ്ങള്‍ ഏറെയുള്ള ജില്ലയെന്ന പരിഗണന എന്നുമുണ്ടാകുമെന്നും ആരോഗ്യമേഖലയടക്കം കാസര്‍കോടിന്റെ സമഗ്രവികസനത്തിന് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
എം.എല്‍.എ മാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍ എന്നിവര്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പുരസ്കാരം നേടിയ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിനെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മന്ത്രിക്ക് നിവേദനം നല്കി. മുഖ്യമന്ത്രിയുടെ വാക്സിന് ചാലഞ്ചിലേക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സംഭാവന പ്രസിഡന്റ് കെ.മണികണ്ഠന്, വൈസ് പ്രസിഡന്റ് ശ്രീലത എന്നിവര്‍ മന്ത്രിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.എസ്.എന്‍.സരിത, ഗീതാ കൃഷ്ണന്, ഷിനോജ് ചാക്കോ, കെ.ശകുന്തള, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.മനു, ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്, പി.ബി.ഷെഫീഖ്, ജമീല സിദ്ദിഖ്, ജാസ്മിന് കബീര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.