പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തിയമര്‍ന്നു ആളപായ മൊഴിവായത് തലനാരിഴയ്ക്ക്
നീലേശ്വരം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. ഭാഗ്യം ഒന്ന് കൊണ്ടു മാത്രം രക്ഷപ്പെട്ട വീട്ടുകാർ ദൈവത്തിന് നന്ദി പറയുകയാണ്. തൈക്കടപ്പുറം നടുവിൽപള്ളിയിലെ ടൈലർ കൃഷ്ണന്റെ വീടാണ് അപകടത്തിൽ കത്തിയമർന്നത്.
ഇന്ന് ഉച്ചയോടെ ഭക്ഷണം പാകംചെയുന്നതിനിടെയാണ് അപകടം. അപകട സമയത്ത് വീട്ടുകാർ വീടിനു പുറത്തായിരുന്നതിനാൽ വൻദുരന്തമൊഴിവായി.
ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിൽ നിന്ന് മീറ്ററുകളോളം ഉയരത്തിൽ തീപടർന്ന് സമീപത്തെ തെങ്ങുകൾ കത്തിനശിച്ചു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിവരമരിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചും മണൽ കോരിയിട്ടും തീ അണക്കുകയായിരുന്നു.
നീലേശ്വരം പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, വാർഡ് കൗൺസിലർ വി അബൂബക്കർ, വിനു നിലാവ്, ഭരതൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.