ജോലിക്ക് വരാന്‍ തയ്യാറായില്ല; ദളിത് യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരപീഠനത്തിന് ഇരയാക്കി ഭൂവുടമ
മധ്യപ്രദേശ് :ജോലിക്ക് വരാന്‍ വിസമ്മതിച്ച ദളിത് യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരപീഠനത്തിന് ഇരയാക്കി ഭൂവുടമ. മധ്യപ്രദേശിലെ ഛാത്തര്‍പൂറിലാണ് ക്രൂരകൃത്യം നടന്നത്. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ദളിത് യുവാവിന്റെ അമ്മയ്ക്ക് ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. ഛത്തര്‍പൂറിലെ ബണ്ടാര്‍ഗഡ് ഗ്രാമത്തില്‍ കൂലിവേല ചെയ്ത് ജീവിച്ചിരുന്ന ദളിത് കുടുംബത്തിന് നേരെയാണ് അതിക്രമം.
കഴിഞ്ഞ ദിവസം തോട്ടത്തിലെ ജോലിക്ക് വിളിച്ചപ്പോള്‍ യുവാവ് ചെല്ലാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. പണിക്ക് ചെന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഭൂവുടമ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് പോകാന്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ഭൂവുടമ ദളിത് യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതിന് പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവതി പൊലീസില്‍ പരാതിപ്പെടാതിരിക്കാനായി ഇവരുടെ വീടിന് കാവലിന് ആളുകളെ ഏല്‍പ്പിച്ച ശേഷമാണ് ഭൂവുടമ സ്ഥലം വിട്ടത്.
എന്നാല്‍ സംഭവത്തേക്കുറിച്ച് അറിഞ്ഞ രാജ്നഗര്‍ പൊലീസ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഹര്‍ദ്ദേഷ് എന്ന ഹണി പട്ടേല്‍, ആകാശ് പട്ടേല്‍. വിനോദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ് സി. എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമത്തിനും ബലാത്സംഗത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.